സോളിഡാരിറ്റിയെ യുവാക്കള്‍ മാത്യകയാക്കണം - ഡോ. സെബാസ്റ്റ്യന്‍ പോള്‍
Posted on Mar 12 2012

എടത്തല: എടത്തല ഗ്രാമപഞ്ചായത്തിന്റെയും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്ത സംരംഭമായ മുള്ളംകുഴിയിലെ ജനകീയ കുടിവെള്ള പദ്ധതി വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൂന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍പോള്‍ നാടിനു സമര്‍പ്പിച്ചു.

സാമൂഹിക പോരാട്ട രംഗത്തെന്ന പോലെ മനുഷ്യ സേവന രംഗത്തും സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യുവജനസംഘടനകള്‍ മാത്യകയായി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ അശാസ്ത്രീയതയും കാലതാമസവൂം വികസനപദ്ധതികളെ അട്ടിമറിക്കുമ്പോള്‍ ജനകീയ പങ്കാളിത്തത്തോടെ എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സോളിഡാരിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എ.എം.മുനീര്‍ നിര്‍വ്വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യന്റെ ആവശ്യങ്ങള്‍ എങ്ങനെ വ്യവസായമാക്കാമെന്ന് ചിന്തിക്കുന്ന ലോബി തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയിരം സ്മാര്‍ട്ട് സിറ്റികളും സ്റ്റേഡിയവും ഇവിടെ വരുന്നതിനെക്കാള്‍ താാനിഷ്ടപ്പെടൂന്നത് ഒരു കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് ലഭിക്കുന്നതിനെയാണ്.ഇലക്ഷന്‍ കാലഘട്ടങ്ങളില്‍ നാട് മുഴുവന്‍ ചുറ്റി സഞ്ചരിച്ച തന്നോട് പല പ്രദേശങ്ങളിലും സ്ത്രീകള്‍ ചോദിച്ചിരുന്നത് വിമാനത്താവളമോ സ്റ്റേഡിയമോ എന്നു വരുമെന്നല്ല മറിച്ച് പെപ്പില്‍ എന്ന് വെള്ളമുണ്ടാകും എന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ.ബഷീര്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി വിശദീകരിച്ചു. .
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന ഹംസ, മുന്‍ പ്രസിഡന്റ് ലളിത ഗോപിനാഥ്, എന്‍.എച്ച്.ഷബീര്‍., ഷൈനി ടോമി, ലിസി ജോണി, ജമാഅത്തെ ഇസ്ലാമി ഏരിയ ഓര്‍ഗനൈസര്‍ വി.കെ.ഷമീര്‍, ഗുണഭോക്ത്യ പ്രതിനിധി ഫാത്തിമ അനസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എം.എം.മുഹമ്മദ് ഉമര്‍ അദ്ധ്യക്ഷത വഹിച്ചു. മൂഹമ്മദ് ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.എ.ഷംസുദ്ദീന്‍ സ്വാഗതവും ഏരിയ പ്രസിഡന്റ് ഷക്കീല്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.