
തിരുവനന്തപുരം: ലോകത്തെ ചെറിയ സാമൂഹിക മുന്നേറ്റങ്ങള്‍ പോലും ചര്‍ച്ചയാകുന്ന കേരളത്തില്‍ അറബ് വിപ്ലവത്തെക്കുറിച്ച് വേണ്ടത്ര ചര്‍ച്ചചെയ്യുന്നില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബുറഹ്‌മാന്‍ അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യന്‍ വസന്തവിജയത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹിംസയുടേയും വൈവിധ്യത്തിന്റേയും സൗന്ദര്യമാണ് ടുനീഷ്യയിലും ഈജിപ്‌തിലും നടന്ന വിപ്ലവങ്ങള്‍ കാട്ടിത്തന്നത്. ബഹുസ്വരതയെ ക്രിയാത്മകമായി ഉള്‍ക്കൊള്ളാനുള്ള ശേഷി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്നും സാമ്രാജ്യത്വത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരെ ജനകീയ മുന്നേറ്റങ്ങള്‍ നയിക്കാന്‍ അവക്ക് കഴിയുമെന്നും മുല്ലപ്പൂവിപ്ലവം തെളിയിച്ചു.
ഈജിപ്‌തില്‍ 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം ഹുസ്‌നി മുബാറക് പുറത്തുപോയപ്പോള്‍ ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആ ഭരണാധികാരിയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ മാധ്യമങ്ങള്‍ മടിച്ചത് ചര്‍ച്ച ചെയ്യപ്പെടണം. ആധുനിക അധിനിവേശ ശക്തിയുടെ തടവറയില്‍ നിന്ന് മാധ്യമങ്ങള്‍ പുറത്തുവരേണ്ടിയിരിക്കുന്നു
ആധിനിക സാമ്രാജ്യത്വ തണലിലാണ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്. ഇതിനെതിരെ ശബ്‌ദിക്കുന്നവരെ ഭീകവാദികളാക്കുകയാണ്. സ്വാതന്ത്ര്യപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഭീകരവാദികളാകുന്നതും അങ്ങനെയാണ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്ന ഭീകരവാദത്തിന്റെ മുദ്രകുത്തി തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ല.
എന്നാല്‍, ഇത്തരം വിജയങ്ങള്‍ പുരോഗമനാശയങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ പ്രതികരിച്ചത്. പ്രതിയോഗിചെ വകവരുത്താനല്ല, മറിച്ച് അവനോട് സംവദിക്കാനാണ് സാഹചര്യം ഒരുക്കേണ്ടത്. പാര്‍ട്ടി ക്ലാസുകളിലും സമ്മേളനങ്ങളിലും സ്‌നേഹത്തിന്റെ ആശയം പ്രചരിപ്പിക്കാന്‍ കേരളത്തിലെ ഇടുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സജീദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ കെ.കെ ബാബുരാജ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി, സബ്‌സോണ്‍ സെക്രട്ടറി എം മെഹ്‌ബൂബ്, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.ശാക്കിര്‍ വേളം, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, അഡ്വ.സിറാജ് എന്നിവര്‍ സംസാരിച്ചു.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അമീര്‍ കണ്ടല്‍ സ്വാഗതവും ജില്ലാ സമിതിയംഗം ശറഫുദ്ധീന്‍ നന്ദിയും പറഞ്ഞു.