അഞ്ചാം മന്ത്രിയുടെ പേരില്‍ മുസ്‌ലിം വേട്ട അംഗീകരിക്കാനാവില്ല- ഡോ.ഫസല്‍ ഗഫൂര്‍
Posted on Jul 11 2012

കോഴിക്കോട്‌: അഞ്ചാം മന്ത്രിയുടെ പേരില്‍ രൂപം കൊണ്ട മുസ്‌ലിം ലീഗിനെതിരെയുള്ള വേട്ട മുസ്‌ലിം വേട്ടയാകുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ എം.ഇ.എസ്‌ പ്രസിഡന്റ്‌ ഡോ.ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംഘടിപ്പിച്ച `എ.ഐ.പി സ്‌കൂള്‍ വിവാദം വസ്‌തുതകളും പരിഹാരവും' ഓപണ്‍ ഫോറം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാം മന്ത്രി വിവാദത്തിന്റെ തുടര്‍ച്ചയായി രൂപപ്പെട്ടതാണ്‌ എ.ഐ.പി സ്‌കൂള്‍ വിവാദം. മുഖ്യമന്ത്രിയും വകുപ്പ്‌ മന്ത്രിയും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്‌മയാണ്‌ പ്രധാന പ്രശ്‌നം. പിന്നാക്കജില്ലകളിലെ പിന്നാക്ക പ്രദേശങ്ങളുടെ ഉന്നമനത്തിന്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതാണ്‌ എ.ഐ.പി സ്‌കൂളുകള്‍. മാറി മാറി വന്ന ഇടതു-വലതു സര്‍ക്കാറുകള്‍ ഗുണപരമായ സമീപനമാണ്‌ എ.ഐ.പി സ്‌കൂളുകളുടെ കാര്യത്തില്‍ എടുത്തത്‌. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ക്കു പിന്നില്‍ വര്‍ഗീയ ചിന്തകളുണ്ട്‌. കേരളത്തില്‍ വര്‍ഗ്ഗീയത വരുന്നത്‌ വിദ്യാഭ്യാസ വകുപ്പിലാണ്‌. ഇതിന്‌ കാരണം സാമൂദായിക സംഘടനകളാണ്‌ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്നത്‌ എന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനാഞ്ചിറ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്‌ വേളം അധ്യക്ഷത വഹിച്ചു. പി.അലിയാപ്പു, ഉണ്ണികൃഷ്‌ണന്‍, പി.ഹരിഗോവിന്ദന്‍, സൈനുദ്ദീന്‍ മാസ്റ്റര്‍, പി.ടി മൊയ്‌തീന്‍ കുട്ടി, കെ.പ്രദീപന്‍, സി.എം അക്‌ബറലി, കെ.ടി അബുബക്കര്‍, സി.കെ ശമീര്‍, പി.മുസ്‌തഫ, റസാഖ്‌ പാലേരി എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എം.സി സുബ്‌ഹാന്‍ ബാബു സ്വാഗതവും സി.എം ശരീഫ്‌ നന്ദിയും പറഞ്ഞു.