ആരുപറഞ്ഞു ചെറുപ്പക്കാർ ഒന്നിനും കൊള്ളില്ലെന്ന്?! യുവാക്കൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ തെളിവാണ് സോളിഡാരിറ്റി
Posted on Sep 02 2012

സോളിഡാരിറ്റിയെക്കുറിച്ച് താങ്കൾ എന്തെങ്കിലുമൊക്കെ കേട്ടിരിക്കും. പത്ത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ രൂപീകൃതമായ ഒരു യുവജനസംഘടനയാണത്. കുറഞ്ഞകാലം കൊണ്ട് മലയാളി ജീവിതത്തിലെ സജീവ സാന്നിധ്യമായി അത് മാറിക്കഴിഞ്ഞു. അതിനെ സ്‌നേഹിക്കുന്നവരും വെറുക്കുന്നവരുമുണ്ട്; വെറുപ്പിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. അനുകൂലിക്കുന്നവരും എതിർക്കുന്നവരുമുണ്ട്. പക്ഷേ, ആർക്കും അവഗണിക്കാൻ കഴിയാത്തവിധം നമ്മുടെ ജീവിതങ്ങൾക്കു മേൽ സോളിഡാരിറ്റിയുടെ സ്പർശമുണ്ട്. താങ്കളും അത് അറിയുന്നുണ്ടാവും. യുവാക്കളുടെ കർമ്മശേഷിയെ മസ്സിലാക്കാനും അതിനെ ശരിയായ രീതിയിൽ വഴിതിരിച്ചുവിടാനും ശ്രമിക്കുകയായിരുന്നു സോളിഡാരിറ്റി. നമ്മുടെ ചെറുപ്പക്കാർ ആകെ നശിച്ചുപോയിരിക്കുന്നു, അവർ ആകെ അധർമ്മകാരികളാണ്, അവരെക്കൊണ്ട് ഒന്നിനുംപറ്റില്ല, അരാഷ്ട്രീയവാദികളാണ്, ഇന്നത്തെ ചെറുപ്പക്കാർ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടുപോയിരിക്കുന്നു.... എന്നു തുടങ്ങി ചെറുപ്പക്കാർക്കെതിരെ ഒട്ടുവളരെ പരാതികൾ നമ്മുടെ സമൂഹത്തിലുയരാറുണ്ട്. ഹൊ, പണ്ടത്തെ യുവാക്കൾ എത്ര നല്ലവരായിരുന്നു, ഇന്നോ, എന്ന മട്ടിലാണ് അവരെപ്പോഴും ആശ്ചര്യാരോപണം ഉയർത്താറുള്ളത്. ചെറുപ്പക്കാരെക്കുറിച്ച ഈ നിരാശ സോളിഡാരിറ്റിക്കില്ല. യുവാക്കളെ നിരാശപ്പെടുത്തുകയും അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനോടും സോളിഡാരിറ്റിക്ക് യോജിപ്പില്ല. ചെറുപ്പക്കാരെ കുറ്റപ്പെടുത്തി കാലം കഴിക്കുകയല്ല, അവർക്ക് ദിശ നൽകുകയാണ് വേണ്ടതെന്ന് സോളിഡാരിറ്റി ആദ്യമേ തീരുമാനിച്ചു. അതിന് ആദ്യമായി എന്തു വേണം? യുവാക്കളെ സംഘടിപ്പിക്കണം. ധാർമ്മികതയും ആധ്യാത്മികതയും രാഷ്ട്രീയവും സംഗീതം പോലെ സമന്വയിച്ച ഒരു ആശയപ്രതലത്തിലാണ് സോളിഡാരിറ്റി യുവാക്കളെ സംഘടിപ്പിച്ചത്. അത് അവർക്ക് ധാർമ്മികമായ ബലം നൽകി. ആത്മീയമായ തണൽ നൽകി. തീക്ഷ്ണമായ രാഷ്ട്രീയ ബോധവും പകർന്നു നൽകി. ഇവ സമ്മേളിച്ച യുവസുഹൃത്തുക്കളാണ് സോളിഡാരിറ്റിയുടെ കേഡർ, അവരാണ് അതിന്റെ കരുത്ത്. യുവാക്കളുടെ ഈ നിരയെ സമൂഹത്തിന് മുമ്പിൽ സമർപ്പിക്കുകയായിരുന്നു സോളിഡാരിറ്റി. കേരളത്തിന്റെ തെരുവുകളും ഗ്രാമങ്ങളും ഈ യുവാക്കളുടെ ഇടപെടൽ ശേഷിയുടെ ചൂടറിഞ്ഞു. കേരളത്തിന്റെ പ്രസരിപ്പുള്ള പ്രതിപക്ഷം എന്ന നിലയിലേക്ക് സംഘടന മാറുകയായിരുന്നു. സമരം, അരുതായ്മകൾക്കെതിരായ നിലക്കാത്ത സമരം; അതായിരുന്നു കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനം. ആർക്കും കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ കേൾക്കാൻ, കാണാൻ കഴിയാത്ത കാഴ്ചകൾ കാണാൻ, ആർക്കും ഉച്ചരിക്കാൻ ധൈര്യമില്ലാത്ത വാക്കുകൾ ഉച്ചരിക്കാൻ ഈ സംഘടന ഉണർന്നിരുന്നു. തങ്ങളുടേതല്ലാത്ത സർക്കാർ അധികാരത്തിലിരിക്കുമ്പോൾ സമരം ചെയ്യുകയെന്ന പരമ്പരാഗത രാഷ്ട്രീയ യുവജന സംഘടനകളുടെ ചടങ്ങ് ഏർപ്പാടായിരുന്നില്ല സോളിഡാരിറ്റിയുടെ സമരങ്ങൾ. യഥാർഥമായ പ്രശ്‌നങ്ങൾ കണ്ടെത്തി അവ സമൂഹത്തിന് മുന്നിൽ സമർപ്പിക്കുകയായിരുന്നു അത്. പ്ലാച്ചിമട മുതൽ എൻഡോസൾഫാൻ വരെ സോളിഡാരിറ്റി പിന്തുണച്ച് ഉയർത്തിക്കൊണ്ടു വന്ന എല്ലാ ജനകീയ സമരങ്ങളും പിന്നീട് കേരളീയ പൊതുസമൂഹം മൊത്തത്തിൽ ഏറ്റെടുക്കുന്ന കാഴ്ചക്കാണ്് നാം സാക്ഷിയായത്. മുതലാളിത്തവും സാമ്രാജ്യത്വവും ദംഷ്ട്രകൾ ആഴ്ത്തുന്നത് മണ്ണിന്റെ മൃദുലതയിലാണെന്ന തിരിച്ചറിവ് സോളിഡാരിറ്റിക്കുണ്ടായിരുന്നു. കുരുമുളകിനു വേണ്ടി കപ്പൽ കയറിയവർ ഇപ്പോൾ വെള്ളത്തിനു വേണ്ടി പോർവിമാനങ്ങളേറുകയാണ്. മണ്ണ് പോരാട്ടത്തിന്റെ പ്രമേയമാണെന്ന തിരിച്ചറിവാണ് സോളിഡാരിറ്റിയെ എന്നും സമരഭരിതമാക്കിയത്. കുത്തകകളുടെ വെള്ളമൂറ്റിനെതിരെ മുതൽ അനധികൃത ഖനനങ്ങൾക്കെതിരെ വരെ അത് ചെറുപ്പക്കാരെ പ്രതിരോധത്തിന്റെ മതിലുകളായ് അണിനിരത്തി. പ്രകൃതികൊള്ളക്കാരുടെ നാവിൽ വെള്ളമൂറിയ എത്രയോ പദ്ധതികൾ ഈ സമര യൗവനത്തിന്റെ പ്രതിരോധത്തിനു മുന്നിൽ മണ്ണടിഞ്ഞുപോയി. നമുക്കഭിമാനമുണ്ട്. കേരളത്തിന്റെ സമര യൗവനം ഇപ്പോഴും തെരുവിൽ തന്നെയുണ്ട്. പണത്തിലും കേവലാധികാരത്തിലും കണ്ണുനട്ടുള്ള സമര പ്രഹസനങ്ങൾ കൊണ്ട് അശ്ലീലമാക്കപ്പെട്ട തെരുവിൽ സത്യസന്ധതയുടെ കൊടി ഉയർത്തി സോളിഡാരിറ്റി ധാർമികതയോടെ നിലയുറപ്പിക്കുന്നുണ്ട്. മനുഷ്യർക്ക് ദൈവം നൽകിയ അവകാശങ്ങൾക്ക് നമ്മുടെ ഭരണകൂടങ്ങൾ വിലങ്ങുവെച്ചപ്പോൾ ഭയന്ന് വിറങ്ങലിച്ച് നിശബ്ദരായിരിക്കാൻ സോളിഡാരിറ്റിക്കാവുമായിരുന്നില്ല. പൗരാവകാശങ്ങളെ ജാമ്യം കിട്ടാത്ത വിചാരണത്തടവിലാക്കുന്നത് കരിനിയമങ്ങളാണ്. ജനാധിപത്യവിരുദ്ധ നിയമങ്ങൾക്കെതിരായ ജനാധിപത്യ സമരങ്ങൾക്ക് സോളിഡാരിറ്റി യൗവനത്തെ നേർച്ച ചെയ്തു. അവരാ സമരങ്ങളുടെ മുന്നണിപ്പടയായി. ജനവിരുദ്ധ വികസനത്തെ എതിർക്കുന്നവർക്ക് രാജ്യദ്രോഹത്തിന്റെ സമൻസുകൾ കിട്ടി. അമേരിക്കക്കും ഇസ്രായേലിനും പാദസേവ ചെയ്യുന്ന നമ്മുടെ ഭരണ കൂടങ്ങൾ ഇസ്‌ലാമോഫോബിയയുടെ നടത്തിപ്പേജൻസിയായി. അടിയന്തിരാവസ്ഥ നിശ്ശബ്ദമായി, അർദ്ധ രാത്രിയിലല്ല, പട്ടാപകൽ തിരിച്ചുവരുന്നത് സോളിഡാരിറ്റി തിരിച്ചറിഞ്ഞു. ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടാൽ ഇരയാവുക സമൂഹത്തിലെ ദുർബല വിഭാഗങ്ങളാണ്. ശരിയായ നിയമവാഴ്ച ദുർബലരുടെ ആവശ്യമാണ്. തുറുങ്കിലടക്കപ്പെടുന്ന മനുഷ്യാവകാശങ്ങളുടെ വിമോചനപോരാട്ടം വളരെ പ്രധാനമായ സംഘടനാ ദൗത്യമായി സോളിഡാരിറ്റി ഏറ്റെടുത്തിരിക്കുന്നു. ഉള്ളതും ഇല്ലാത്തതുമായ എല്ലാ ബോംബിന്റെ പിന്നിലും മുസ്‌ലിമിന്റെ പേര് തെരയുന്നത് സാമ്രാജ്യത്വം സൃഷ്ടിച്ച മനോരോഗമാണ്. ആഗോളവൽക്കരണത്തോടൊപ്പം കടന്നുവന്ന ഈ മതിഭ്രമത്തെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങൾ കൊണ്ട് ചികിൽസിക്കേണ്ടതുണ്ട്. വർഗീയത സാമ്രാജ്യത്വത്തിന്റെ അരുമ സന്താനമാണ്. ഏതുനിറം വർഗീയതയും ആത്യന്തികമായി സാമ്രാജ്യത്വ താൽപര്യങ്ങളെ മാത്രമേ സേവിക്കുകയുള്ളൂ. സമരത്തിനു പുറമെ, യുവാക്കളുടെ അധ്വാനശേഷിയെ ഉപയോഗപ്പെടുത്തി വർധിച്ച രീതിയിലുള്ള സേവന പ്രവർത്തനങ്ങളും സോളിഡാരിറ്റി സംഘടിപ്പിച്ചു. മറ്റ് സംഘടനകളിൽ നിന്ന് സോളിഡാരിറ്റിയെ വ്യത്യസ്തമാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതായിരുന്നു. വെറുതെ അവിടെയുമിവിടെയുമിരുന്ന് സൊറ പറഞ്ഞും, ഗെയിം കളിച്ചും സമയംനീക്കാൻ പാടുപെട്ടിരുന്ന യുവാക്കൾക്ക്, ആത്മനിർവൃതിയുടെ അനുഭൂതി സമ്മാനിക്കുന്നതായിരുന്നു ഈ സേവന സംരംഭങ്ങൾ. അത്തരം മഹത്തായ സേവന പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായ പാവങ്ങളായ മനുഷ്യരുടെ മനസ്സറിഞ്ഞുള്ള പ്രാർഥനകളാണ് സോളിഡാരിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട ബലം. കാരണം, അവരുടെ പ്രാർഥനക്കും ദൈവത്തിനുമിടയിൽ മറയില്ലല്ലോ. ഏറ്റെടുത്ത മഹത്തായ ദൗത്യങ്ങൾ വളരെ വലുതാണെന്ന് സോളിഡാരിറ്റിക്കറിയാം. വലിയ ജോലികൾ ഏറ്റെടുക്കാൻ സോളിഡാരിറ്റി ഇനിയും ശക്തിപ്പെടണം. കൂടുതൽ യുവാക്കൾ സംഘടനയിൽ വന്നുചേരണം. കൂടുതൽ യുവഊർജ്ജം സമൂഹത്തിൽ പ്രസരിക്കേണ്ടതുണ്ട്. അതിനാൽ താങ്കളെ ഈ മഹത്തായ പ്രസ്ഥാനത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുകയാണ്. കൂടുതൽ ആത്മവിശ്വാസത്തോടെയാണ് സോളിഡാരിറ്റി ഇപ്പോൾ സംസാരിക്കുന്നത്. സോളിഡാരിറ്റിയെ പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ലോകത്തിന്റെ പലഭാഗത്തുമുള്ള യുവാക്കൾ, അവരുടെ സ്വപ്നങ്ങൾ പുലരുന്നത് ആഹ്ലാദത്തോടെ കണ്ടുകൊണ്ടിരിക്കുന്ന സമയമാണിത്. അറബ് വസന്തമെന്ന പേരിൽ ഉയർന്നുവന്ന പ്രതിഭാസം സംശയരഹിതമായും പുതിയൊരു ലോകക്രമത്തിന്റെ തുടികൊട്ടിനെയാണ് കുറിക്കുന്നത്. സാമ്രാജ്യത്വത്തിന്റെയും സ്വേഛാധിപത്യ ഭരണകൂടങ്ങളുടെയും നിരന്തരമായ അടിച്ചമർത്തലുകൾക്ക് വിധേയമായ പ്രസ്ഥാനങ്ങൾ, മാധ്യമങ്ങളിലൂടെ തീവ്രവാദ ഭീകരവാദ മുദ്ര ചാർത്തപ്പെട്ടവർ ഇന്ന് ജനകീയ പ്രക്ഷോഭങ്ങളിലൂടെ അറബ് നാടുകളിൽ ജനകീയാധികാരം നേടിയിരിക്കുകയാണ്. അറബ് നാടുകളിൽ വരുന്ന മാറ്റം, ലോകത്തിൽ തന്നെ വൻമാറ്റങ്ങൾക്ക് തിരികൊളുത്തുമെന്നതിൽ സംശയമില്ല. ലോകത്തിന്റെ ഭാവിയെയും ഭാവി ലോകത്തെയും രൂപപ്പെടുത്തുന്നത് ഈ പ്രസ്ഥാനങ്ങളായിരിക്കും. മതത്തെയും ആത്മീയതയെയും രാഷ്ട്രീയത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ആട്ടിപ്പായിക്കണമെന്ന് സിദ്ധാന്തിച്ചവരാണ് ഈ പ്രസ്ഥാനങ്ങളെ പീഡിപ്പിച്ചു കൊണ്ടിരുന്നത്. മർദ്ദിതർ രാഷ്ട്രീയമായും ആശയപരമായും തിരിച്ചുവരുന്നതിന്റെ ആഹ്ലാദക്കാഴ്ചകളാണ് നാം കാണുന്നത്. ഇപ്പോൾ വിപ്ലവം തോക്കിൻ കുഴലിലൂടെയല്ല ഉണ്ടാവുന്നത്. അത് മുല്ലപ്പൂവായ് വിടർന്ന് സുഗന്ധം പരത്തുകയാണ്. മതം അതിന്റെ എല്ലാ മൂല്യ സമ്പന്നതയോടെയും ചരിത്രത്തെ നിർണ്ണയിക്കുകയാണ്. ധാർമികതയുടെ രാഷ്ട്രീയ വൽക്കരണമാണ് പുതിയ ലോകത്തിന്റെ പ്രതീക്ഷയുടെ നക്ഷത്രം. നമ്മുടെ ധാർമികതയെ ഇനിയും നാം ദേവാലയങ്ങളിൽ തടവിൽ പാർപ്പിക്കരുത്. വ്യക്തി ജീവിതത്തിൽ ചിറകരിഞ്ഞ് നിർത്തരുത്. എന്നിട്ട് സാമൂഹ്യജീവിതം പഠിച്ചകള്ളന്മാർക്ക് തീറെഴുതി നൽകരുത്. നമ്മുടെ ഉള്ളിലെ ഇപ്പോഴുംകെടാതെ നിൽക്കുന്ന ധാർമികതയെ, ധർമ്മരോഷത്തെ നാം രാഷ്ട്രീയ വൽക്കരിക്കണം. ജനവിരുദ്ധതയെ താഴെയിറക്കിയ പുതിയ മദ്ധ്യേഷ്യൻ തെരുവുകൾ നമ്മുടേത് ഉൾപ്പെടെ എല്ലാ തെരുവുകളിലേക്കും വിവർത്തനം ചെയ്യപ്പെടണം. നാം ചരിത്രം പഠിക്കേണ്ടത് പാഠപുസ്തകത്തിൽ നിന്നല്ല. ചരിത്രം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സംഭവിച്ച ചരിത്രത്തെ ചരിത്ര പുസ്തകത്തിൽ വായിക്കുന്നത് വലിയ കാര്യമൊന്നുമല്ല. ചരിത്രം സംഭവിക്കുമ്പോൾ തിരിച്ചറിയുക എന്നതാണ് മഹത്തായ കാര്യം. അറബ് വിപ്ലവ വസന്തം പുതിയ യുഗത്തിന്റെ പ്രഭാതഭേരിയാണ്. ഈ ഭേരിമുഴക്കുന്നവരിൽ നിങ്ങളുണ്ടാവുക എന്നതാണ് ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ നിങ്ങളുടെ ബാധ്യത. ഇതിനു നിങ്ങൾക്ക് അവസരമൊരുക്കുകയാണ് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ്. ഇനിയും അമാന്തിക്കാതെ ഈ നവവിപ്ലവ സരണിയിൽ അണിനിരക്കാൻ ഹൃദയത്തിൽ കൈവെച്ച് നിങ്ങളെ ക്ഷണിക്കുകയാണ്. ചരിത്രപരമായ ഒരു വസന്തത്തിന്റെ പരാഗങ്ങളാവാൻ കാലം നിങ്ങൾക്ക് നൽകുന്ന അവസരമാണിത്.